തിരുവനന്തപുരം :
കേരളത്തിന്റെ ഭൂപടം അപ്പാടെ മാറാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കി
സംസ്ഥാന സര്‍ക്കാര്‍.കേരളത്തില്‍ പുതിയ നാല് ജില്ലകള്‍ കൂടി രൂപീകരിച്ച് ആകെ 18 ലേക്ക് എത്തിക്കാനുള്ള അണിയറ
നീക്കങ്ങള്‍ സജീവമായിക്കഴിഞ്ഞു. ദേശീയ
ശരാശരിയേക്കാള്‍ കൂടുതല്‍ ജനങ്ങളെ ഉള്‍ക്കൊള്ളുന്ന വലിയ ജില്ലകള്‍ വിഭജിച്ച് പുതിയ
ജില്ലകളും താലൂക്കുകളും രൂപീകരിക്കാന്‍ ബജറ്റില്‍ പഠന കമ്മീഷനെ പ്രഖ്യാപിച്ചതോടെയാണ്
ഈ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.
പുതിയ സെന്‍സസ്
വിവരങ്ങള്‍ പുറത്തുവരുന്നതോടെ വിഭജനത്തിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ്
റിപ്പോര്‍ട്ടുകള്‍. 1984-ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ 42
വര്‍ഷമായി കേരളത്തില്‍ പുതിയ ജില്ലകളൊന്നും ഉണ്ടായിട്ടില്ല. അതുപോലെ 12 വര്‍ഷം മുന്‍പാണ് അവസാനമായി പുതിയ താലൂക്കുകള്‍ രൂപീകരിച്ചത്. വര്‍ദ്ധിച്ചുവരുന്ന
ജനസംഖ്യയും ഭരണപരമായ സൗകര്യങ്ങളും മുന്‍നിര്‍ത്തി ജില്ലകള്‍
പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം കാലങ്ങളായി ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ്
മലപ്പുറത്തും തിരുവനന്തപുരത്തും പുതിയ ജില്ലകള്‍ ഉറപ്പാക്കിക്കൊണ്ടുള്ള മാസ്റ്റര്‍
പ്ലാന്‍ തയാറാകുന്നത്.
ജനസംഖ്യയില്‍
ഏറ്റവും മുന്നിലുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്.
മലപ്പുറം ജില്ലയെ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ രൂപീകരിക്കാനാണ് പ്രധാന
നിവേദനങ്ങള്‍. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ചേര്‍ത്തുള്ള 'തിരൂര്‍ ജില്ല'യും, ബാക്കി
ഭാഗങ്ങള്‍ ചേര്‍ത്ത് 'മഞ്ചേരി' ആസ്ഥാനമായുള്ള
ജില്ലയുമാണ് പരിഗണനയിലുള്ളത്. മലപ്പുറം വിഭജനം യാഥാര്‍ത്ഥ്യമാകുന്നതോടെ വികസന
മുരടിപ്പ് മാറുമെന്നാണ് വിലയിരുത്തല്‍.
തെക്കന്‍
കേരളത്തിലും സമാനമായ രീതിയില്‍ വന്‍ അഴിച്ചുപണിയുണ്ടാകും. തിരുവനന്തപുരം ജില്ലയുടെ
അതിരുകള്‍ പുനഃക്രമീകരിച്ച് കാട്ടാക്കട,
നെയ്യാറ്റിന്‍കര താലൂക്കുകള്‍ ഉള്‍പ്പെടുത്തി പുതിയൊരു ജില്ല
രൂപീകരിക്കണമെന്ന ആവശ്യത്തിന്മേലും കമ്മീഷന്‍ അനുകൂല നിലപാട് സ്വീകരിച്ചേക്കും.
വിസ്തൃതിയും ജനസാന്ദ്രതയും ഏറെയുള്ള തിരുവനന്തപുരത്തിന്റെ ഗ്രാമീണ-മലയോര മേഖലകളുടെ
വികസനത്തിന് ഈ പുതിയ ജില്ല നിര്‍ണ്ണായകമാകും.
40 വര്‍ഷം
മുന്‍പ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ പ്രഖ്യാപിച്ച 'മൂവാറ്റുപുഴ ജില്ല' എന്ന സ്വപ്ന പദ്ധതി വീണ്ടും
ഫയലുകളില്‍ നിന്ന് ജീവന്‍ വയ്ക്കുകയാണ്. ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും, എറണാകുളം ജില്ലയിലെ
മൂവാറ്റുപുഴ, കോതമംഗലം, പിറവം
മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്ന
നിവേദനം സര്‍ക്കാരിന് മുന്നിലുണ്ട്.
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി
മേഖലകളിലെ ജനങ്ങള്‍ക്ക് കൊച്ചിയും പൈനാവും വരെയുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാന്‍
മൂവാറ്റുപുഴ ജില്ല വരുന്നതോടെ സാധിക്കും. ഇതിനുപുറമേ, പാലക്കാട്
ജില്ല വിഭജിച്ച് 'ഷൊര്‍ണൂര്‍' ആസ്ഥാനമായി
പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
മലബാറിലെ
മറ്റൊരു പ്രധാന ആവശ്യമായ കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി,
പേരാമ്പ്ര ഭാഗങ്ങള്‍ ചേര്‍ത്തുള്ള പുതിയ ജില്ലയും കമ്മീഷന്റെ
പരിഗണനാ പരിധിയില്‍ വരും. ജില്ലാ വിഭജനം കേവലം ഭരണപരം മാത്രമല്ല, കൃത്യമായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ കൂടി ഇതിന് പിന്നിലുണ്ട്. മലപ്പുറം
വിഭജനത്തിന് ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ശക്തമായ പിന്തുണയുള്ളപ്പോള്‍,
പുതിയ ജില്ലകള്‍ വരുന്നത് വോട്ട് ബാങ്ക് സമവാക്യങ്ങളെ എങ്ങനെ
ബാധിക്കുമെന്ന ആശങ്കയും ചില മുന്നണികള്‍ക്കുണ്ട്. എങ്കിലും, ഭരണസൗകര്യം
ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റില്‍ പഠന കമ്മീഷനെ
പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
പുതിയ
താലൂക്കുകള്‍ക്കായുള്ള പ്രാദേശിക ആവശ്യങ്ങളും കമ്മീഷന്‍ പരിശോധിക്കും. കമ്മീഷന്‍
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ-ഭൂമിശാസ്ത്ര
ഭൂപടത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക.
